1989, മെയ് പകുതിയിലാണ് ഞാൻ ആദ്യമായി ഒരു കരിസ്മാറ്റിക് കൺവെൻഷനിൽ പങ്കെടുക്കുന്നത്. അതിനുശേഷമുള്ള നാളുകൾ സ്വർഗ്ഗ സമാനമായ അനുഭവം സമ്മാനിച്ചിരുന്നു, പരിശുദ്ധാത്മ നിറവിലുള്ള ആനന്ദം.
പ്രശാന്തസുന്ദരമായ ഒരു വേനലവധിക്കാലം, കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചു സ്കൂൾ ഗ്രൗണ്ടിലേക്ക് പോയ ഞാനാണ് അവസാനം കൺവെൻഷൻ പന്തലിലേക്ക് ആകർഷിക്കപ്പെട്ടെത്തുന്നത്. ദൈവം തന്റെ സന്നിധിയിലേക്ക് നമ്മെ വിളിക്കുന്നത് പലപ്പോഴും വിചിത്രമോ വിസ്മയകരമോ ആയ വഴികളിലൂടെ ആയിരിക്കും.
യേശു പറഞ്ഞു "എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആർക്കും എന്റെ സന്നിധിയിലേക്ക് വരുവാൻ സാധിക്കുകയില്ല." എന്നാൽ, ദൈവം ആരെയും ഒഴിവാക്കുന്നില്ല, എല്ലാവരേയും തന്റെ വിരുന്നിൽ പ്രതീക്ഷിക്കുന്നു, കാരണം അവിടുന്ന് എല്ലാവരേയും തന്റെ മക്കളെപ്പോലെ സ്നേഹിക്കുന്നു.
ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ 'രക്ഷയുടെ പടിവാതിക്കൽ' എന്ന പുസ്തകത്തിൽ പറയുന്നത്, യഥാർത്ഥത്തിൽ ഒരു വ്യക്തിയിൽ പ്രാർത്ഥന ആരംഭിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്നെയാണ്. യേശു തന്റെ സന്നിധിയിലേക്ക് നമ്മെ വിളിക്കുന്നത് വളരെ മിസ്റ്റീരിയസ് ആയിട്ടുള്ള വഴികളിലൂടെയാണ്.
തികച്ചും, അവിചാരിതമായിട്ടാണ് ഞാൻ ആ കൺവെൻഷൻ പന്തലിലേക്ക് എത്തിപ്പെടുന്നത്. പിതാവിന്റെ കഴുതകളെ അന്വേഷിച്ചു പോയ സാവൂളിനെ ബൈബിൾ വിവരിക്കുന്നുണ്ട്, പിന്നീട് അദ്ദേഹം സാമുവൽ പ്രവാചകനാൽ അഭിഷേകം ചെയ്യപ്പെടുകയും ഇസ്രായേലിന്റെ പ്രഥമ രാജാവായി തീരുന്നതുമാണ് ചരിത്രം.
ആകസ്മിക സംഭവങ്ങളിലൂടെയും പരാജയങ്ങളിലൂടെയും ദൈവം പ്രവർത്തിക്കുന്നു. നമ്മുടെ ജീവിതത്തിലെ അപ്രതീക്ഷിതവും വേദനാജനകവുമായ സാഹചര്യങ്ങളിൽക്കൂടിപ്പോലും ദൈവം നമ്മെ അവിടുത്തെ അടുത്തേക്ക് വിളിക്കുന്നു. "കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല നിന്റെ നയനങ്ങൾ അവിടുത്തെ ദർശിക്കും. നീ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ പിന്നിൽ നിന്ന് ഒരു സ്വരം കേൾക്കും ഇതാണ് വഴി ഇതിലെ പോവുക."
ബഹുമാനപ്പെട്ട മാത്യു നായക്കംപറമ്പിൽ അച്ഛനും, പ്രിയപ്പെട്ട ബ്രദർ ടോമി പുതുക്കാടും മറ്റു ടീം അഗങ്ങളും നടത്തിയ അഞ്ചുദിവസത്തെ ധ്യാനമായിരുന്നു അത്.
പ്രധാനമായും നാല് ആത്മീയ ഉൾക്കാഴ്ചകളോ കൃപകളോ ആണ് ഈ ധ്യാനം വഴി എനിക്ക് ലഭിച്ചത്.
1. കർത്താവിനെ ഉച്ചത്തിൽ സ്തുതിച്ചാരാധിക്കുക. ഒരു പടി കൂടി കടന്ന്, തകർച്ചകളെ ഓർത്ത് ദൈവത്തെ സ്തുതിച്ചു സ്തുതിച്ച് അവിടുത്തെ ഹിതം വെളിപ്പെട്ട് കിട്ടാൻ കാത്തിരിക്കുക.
2. പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമല്ല ഒരു വ്യക്തിയാണ് എന്നുള്ള ബോധ്യം. അവിടുന്ന്പ്രദാനം ചെയ്യുന്ന വരദാനങ്ങളിലുള്ള പ്രത്യക്ഷാനുഭവങ്ങൾ.
3. ദൈവവചനം വായിക്കാനുള്ള തീവ്രമായ അഭിനിവേശം.
4. ക്രിസ്തീയ ജീവിതം വെറും പ്രാർത്ഥനകളും വിശുദ്ധ ജീവിതം നയിക്കലും മാത്രമല്ല, സൽപ്രവർത്തികൾക്കും കൂടിയുള്ളതാണ് എന്ന ബോധ്യം.
ദൈവത്തെ ഉച്ചത്തിൽ കരഘോഷം മുഴക്കി ആനന്ദത്താൽ സ്തുതിച്ചാരാധിക്കുക എന്നതുതന്നെ ഒരു പ്രത്യേക ദൈവിക കൃപയാണ് - സ്തുതിപ്പിന്റെ കൃപ. ഇത്തരത്തിലുള്ള ഒരു ആരാധനാരീതിയെക്കുറിച്ച് അതുവരെ കേട്ടുകേൾവി പോലും എനിക്കില്ലായിരുന്നു. ഇസ്രായേലിന്റെ ദൈവം സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവമാണ്. സ്വർഗ്ഗത്തിൽ ക്രോവന്മാരും സറാഫിൻമാരും സകല മാലാഖ വൃന്ദങ്ങളും വിശുദ്ധരും അവിടുത്തെ നിരന്തരം സ്തുതിച്ചു ആരാധിക്കുന്നു, സർവ്വചരാചരങ്ങളും സൃഷ്ടിജാലങ്ങളും അവിടുത്തെ സ്തുതിച്ചാരാധിക്കുന്നു ആ സമൂഹത്തിൽ ചേർന്ന് ആരാധിക്കുന്നത് എത്രയോ ആനന്ദകരമാണ്.
തകർച്ചകളെ ഓർത്ത് ദൈവത്തെ സ്തുതിച്ചു സ്തുതിച്ച് അവിടുത്തെ ഹിതം വെളിപ്പെട്ടു കിട്ടാൻ കാത്തിരിക്കുക എന്നത് ദൈവിക ശ്രവണവും ശരണവും ക്ഷമയും സമർപ്പണവും സാധ്യമാക്കുന്നു. മാത്രവുമല്ല, നന്ദി നിറഞ്ഞു തുളുമ്പുന്ന ഒരു ജീവിത ക്രമത്തിലേക്ക് നയിക്കുകയും ദൈവരാജ്യത്തിൽ നമ്മെ നിലനിർത്തുകയും പരിപാലിക്കുകയും ആനന്ദിപ്പിക്കുകയും ആറാടിക്കുകയും ചെയ്യുന്നു.നിരന്തരമായ ദൈവ സാന്നിധ്യവും അൽഭുത അനുഭവങ്ങളിലൂടെയുള്ള വളർച്ചയും സാധ്യമാക്കുന്നു. വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്നുള്ള ബോധ്യവുമാണ്.
പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമല്ല ഒരു വ്യക്തി കൂടിയാണ് എന്നുള്ള ബോധ്യം അവിടത്തോടുള്ള വ്യക്തിപരമായ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നു. ബൈബിളിൽ പറഞ്ഞിട്ടുള്ള വരദാനങ്ങൾ സത്യമാണ്, അത് എല്ലാവർക്കും ലഭിക്കുന്നതുമാണ്. വരദാനങ്ങൾക്ക് വേണ്ടി ആഗ്രഹിച്ച് പ്രാർത്ഥിക്കേണ്ടതുണ്ട്. അതുവരെ എന്റെ ആത്മീയ ജീവിതം വിശുദ്ധന്മാരിലും മാതാവിലും, ഒരു പടി കൂടി കടന്നു യേശുക്രിസ്തുവിലും വന്നു നിന്നപ്പോൾ കാരിസ്മാറ്റിക് ധ്യാനം എനിക്ക് സമ്മാനിച്ചത് പരിശുദ്ധ ത്രിത്വത്തോടുള്ള ഒരു കൂട്ടായ്മയാണ്. കരുണയുള്ള പിതാവാം ദൈവത്തെ രുചിച്ചറിയാനും, പരിശുദ്ധാത്മാവെന്ന അതുല്യ ശക്തിയെ കണ്ടുമുട്ടുവാനും ഇടയാക്കി. ദൈവത്തിന്റെ ക്ഷമ നമ്മുടെ പാപത്തേക്കാൾ ശക്തമാണ്.
മൂന്നാമതായി എനിക്ക് ലഭിച്ച കൃപ, ദൈവവചനത്തോടുള്ള തീവ്രമായ അഭിനിവേശമാണ്. ഉണങ്ങി വരണ്ട ഭൂമി എന്നപോലെ, നീരിന്നായ് തേടുന്ന പേടമാൻ പോലെ, മാരിക്കായി കേഴുന്ന വേഴാമ്പൽ പോലെ, ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ ഞാൻ ദൈവവചനത്തെ ആശ്ലേഷിച്ചു. അതെനിക്ക് പുതിയ വീക്ഷണവും ബോധ്യങ്ങളും മാത്രമല്ല ശക്തിയും ഊർജ്ജവും പകർന്ന് നിരന്തരം നയിക്കുന്നു. ജീവിതത്തിൽ അതുവരെ ബൈബിൾ തുറന്നുപോലും നോക്കാത്ത എനിക്ക്, വായന ആരംഭിച്ചപ്പോഴേക്കുമത് നിത്യജീവനിലേക്കുള്ള ദിവ്യാഔഷധമായി മാറിയിരുന്നു.
എന്നാൽ, ക്രിസ്തീയ ജീവിതം ഇതുകൊണ്ടന്നും പൂർണ്ണമാകുകയില്ല, ദൈവഹിതം നമ്മിലൂടെ നിറവേറ്റപ്പെടുമ്പോഴാണ് അത് ധന്യമാകുന്നത്. ദൈവഹിതം നിരന്തരം അന്വേഷിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ, അത് യേശു പഠിപ്പിച്ച പ്രാർത്ഥനയാണ് - ആബാ പിതാവേ എന്ന് തുടങ്ങുന്ന പ്രാർത്ഥന, സ്വർഗ്ഗത്തിലെ പോലെ അങ്ങയുടെ ഹിതം എന്നിലും നിറവേറണമേ...., പിന്നെയെല്ലാം സ്തുതിയുടെയും നന്ദിയുടെയും സമയമാണ്. അനുദിനം അവിടുത്തെ ഹിതം അന്വേഷിക്കുന്നതിലൂടെയും പ്രാവർത്തികമാക്കപ്പെടുന്നതിലൂടെയുമാണ് നമ്മുടെ ജീവിതവിളി (purpose of life) പൂർണ്ണമാക്കപ്പെടുന്നത്. പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണല്ലോ.
പുതിയ ജീവിതക്രമവും രീതികളും സ്വായത്തമായപ്പോൾ പഴയ ജഡിക മനുഷ്യൻ അപ്രത്യക്ഷനായി. പാപസ്വഭാവം മാറി രൂപാന്തരപ്പെട്ട പുതിയ മനുഷ്യൻ ജന്മമെടുത്തു. നന്മ ചിന്തിക്കാനും സുകൃത പ്രവർത്തികൾ ആവിഷ്കരിച്ച് പദ്ധതിയായി നടപ്പിൽ വരുത്തുമ്പോൾ, പാപത്തെ പറ്റി ചിന്തിക്കാനോ പാപം ചെയ്യാനോ സമയം ലഭിക്കാതെ വരുന്നു. അങ്ങിനെ വിശുദ്ധിയിലും പുണ്യങ്ങളിലും ആത്മശക്തിയിലും നിരന്തര ദൈവാനുഭവത്തിലൂടെയുള്ള വളർച്ച സാധ്യമാകുന്നു എന്നതാണ് കരിസ്മാറ്റിക് ധ്യാനാനുഭവം എനിക്ക് സമ്മാനിച്ചത്.
ബൈബിൾ മുന്നോട്ടുവെച്ച ആ ദൈവരാജ്യത്തിലേക്ക് എന്നെയും വിളിച്ചതിനെ ഓർത്ത് ദൈവമേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു, ഈ കാലമത്രയും എന്നെ പഠിപ്പിക്കുകയും നയിക്കുകയും ചെയ്ത എല്ലാ ഗുരുക്കന്മാരോടുള്ള നന്ദിയും കടപ്പാടും ഞാനിവിടെ രേഖപ്പെടുത്തുന്നു.
JG Vadukkoot.