ചില കുഴികളിൽ നിന്ന് ദൈവമെന്നെ രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ച സമയങ്ങളുണ്ട്, പക്ഷേ അവിടുന്നത് ചെയ്തില്ല. കാരണം, ഞാൻ ചിലത് പഠിക്കണമെന്ന് ദൈവമാഗ്രഹിച്ചു... , ആ കുഴിയിൽ അവിടത്തെ കൃപ മാത്രം മതിയാകുമെന്ന്.
എനിക്ക് ചുറ്റുമുള്ളവർ നാശം വിതയ്ക്കുമ്പോൾ, ഞാൻ കഷ്ടതയുടെ നീർച്ചുഴിയിൽ അകപ്പെട്ടപ്പോൾ ദൈവം എന്തുചെയ്തു എന്നതല്ല; ഞാൻ എങ്ങനെ ചിന്തിച്ചു എന്നതാണ് പ്രസക്തം.
ദാനിയേൽ അകപ്പെട്ട സിംഹക്കുഴിയിലാണ് നാമെങ്കിൽ എന്ത് ചെയ്യുമായിരുന്നു? നമുക്ക് സിംഹങ്ങളെ കീഴടക്കാൻ കഴിഞ്ഞേക്കില്ല, എന്നാൽ നാമത് ചെയ്യേണ്ടതുമില്ല. അത് ദൈവത്തിൻറെ ജോലിയാണ്. ദാനിയേൽ പറഞ്ഞു, 'എന്റെ ദൈവം തന്റെ ദൂതനെ അയച്ചു, ... സിംഹങ്ങളുടെ വായ അടച്ചു ... കാരണം ഞാൻ അവന്റെ ദൃഷ്ടിയിൽ നിരപരാധിയാണെന്ന് കണ്ടെത്തി' (ദാനിയൽ 6:22)
എനിക്കെതിരെ നിയമനിർമ്മാണം നടത്തുന്നത് തടയാൻ എനിക്ക് കഴിഞ്ഞേക്കില്ല, പക്ഷേ ദാനിയേലിനെപ്പോലെ എനിക്ക് എന്റെ ദൈവത്തെ വിളിക്കാം.'അവൻ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്മേൽ നിന്ന് തന്റെ ദൈവത്തോട് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു' (ദാനിയേൽ 6 : 10 )
ശത്രുക്കളോടും നിങ്ങൾക്ക് ചുറ്റുമുള്ള സാഹചര്യങ്ങളോടും സ്വയം പോരാടി ക്ഷീണിക്കുന്നത് നിർത്തുക. ഒരുപക്ഷേ അവ നിങ്ങളുടെ പരിധിക്ക് പുറത്തായിരിക്കാം. സഭയിലും സമൂഹത്തിലും നിങ്ങൾക്കുള്ള സ്ഥാനം നിമിത്തം അസൂയയോ ഭയമോ ഉള്ളവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഭയപ്പെടാതിരിക്കുക, ഒപ്പം ദൈവസന്നിധിയിൽ നിഷ്കളങ്കനായിരിക്കുക.
ദാനിയേലിനെ സിംഹക്കുഴിയിലേക്ക് എറിയേണ്ടി വന്ന സാഹചര്യത്തെ, ശത്രുവിന്റെ ഗൂഢാലോചനയിൽ നിന്ന് ദൈവമവനെ രക്ഷിച്ചില്ല; പക്ഷേ ശത്രുവിന്റെ ശക്തിയിൽ നിന്ന് വിടുവിച്ചു. തങ്ങളുടെ അടുത്ത ഇരയെ കാത്ത് സിംഹങ്ങൾ അവിടെതന്നെ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് അവന്റെ മേൽ അധികാരമില്ലായിരുന്നു. ദൈവത്തിന്റെ പൊന്നോമന പൈതൽ എന്ന നിലയിൽ ആർക്കും നിന്റെ മേൽ അധികാരമില്ല.
ദാനിയേൽ ആ രാജ്യത്ത് വീണ്ടും അഭിവൃദ്ധി പ്രാപിച്ചു, അതാണ് ദൈവം നിങ്ങൾക്കും വേണ്ടി ആസൂത്രണം ചെയ്യുന്നത്. തിരുവചനം നമ്മോട് പറയുന്നു, " യഹോവ തന്റെ ജനത്തെ വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു" ദാനിയേലിനെ സിംഹങ്ങളുടെ ശക്തിയിൽ നിന്ന് രക്ഷിച്ച ദൈവം നമ്മോടുകൂടെയുണ്ട്. ആ ദൈവത്തോടൊപ്പം നടക്കുമ്പോൾ അവിടുന്ന് നമ്മളെയും കാത്ത് സംരക്ഷിക്കുമെന്നുറപ്പാണ്. ആമേൻ .
By JG Vadukkoot
കടപ്പാട് : മിഖായേൽ വില്യംസ്.