ഏതാനും മാസങ്ങൾക്ക് മുമ്പ്, എന്റെ ഒരു പ്രിയ സുഹൃത്ത് ഉന്നയിച്ച ചോദ്യമാണ് :
തെറ്റുകൾ ഏറ്റു പറയുന്നതിലൂടെ പാപമോചനം സാധ്യമാകുമ്പോഴും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്? പിന്നെന്താണ്, ദൈവകരുണകൊണ്ട് ഉദ്ദേശിക്കുന്നത്? യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും ഇതിനൊന്നും പരിഹാരമാകില്ലേ എന്ന സംശയവും അയാൾ കൂട്ടിച്ചേർക്കുകയുണ്ടായി.
മറുപടിയായി എനിക്ക് പറയാൻ കഴിയുന്നത്, തീർച്ചയായിട്ടും പരിഹാരമാണ്. പക്ഷേ, എങ്ങനെ? ആദ്യമേ, പ്രിയ സുഹൃത്ത് മനസ്സിലാക്കേണ്ടത് ഒരു മനുഷ്യന്റെ രക്ഷയും ശിക്ഷയും വിധിയും നിർണയിക്കപെടുന്നത് അവനവന്റെ തന്നെ ചിന്താഗതികളും പ്രവർത്തനങ്ങളും മൂലമാണ്. രക്ഷ അല്ലെങ്കിൽ മുക്തി നേടണമെങ്കിൽ, ഏതു തിന്മയ്ക്കും തക്കതായ പരിഹാരം ചെയ്തേ മതിയാകൂ. അനുതാപവും പ്രാർത്ഥനയും മാത്രം പോരാതെ വരുന്ന ചില തിന്മകൾ ഉണ്ട്, തെറ്റുകളെ തരംതിരിക്കുകയാണെങ്കിൽ, ദൈവത്തിനെതിരായ തിന്മകൾ, മനുഷ്യനെതിരായ തിന്മകൾ പ്രകൃതിക്കെതിരായവ അങ്ങനെ പലതുമുണ്ടല്ലോ. അവ ഏതായാലും, പരിഹാര പ്രവർത്തികൾ കൂടാതെ സ്വർഗം പ്രാപിക്കാമെന്നത് മിഥ്യാധാരണയാണ്.
ആരും ശിക്ഷിക്കപ്പെടണമെന്ന് കരുണയുള്ള പിതാവാം ദൈവം ആഗ്രഹിക്കുന്നില്ല, മറിച്ച് ശിക്ഷയ്ക്ക് കാലതാമസം വരുത്തുകയും ചെയ്യുന്നു. നമ്മൾ അനുതപിച്ചു മടങ്ങി വരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇനി ആർക്കെങ്കിലും അതിന് കഴിയുന്നില്ലെങ്കിൽ വഴിതെറ്റി പോയതിനെ അന്വേഷിച്ചുവരുന്നു. വഴിതെറ്റിയ ആടിന്റെ ഉപമയിലൂടെ യേശു നമുക്കതു വെളിപ്പെടുത്തി തന്നിട്ടുണ്ട്.
വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും മാലാഖമാരിലൂടെയും, ആന്തരിക സ്വരമായും ദൈവം നമ്മോട് നിരന്തരം സംസാരിക്കുന്നു. അവിടുന്ന് ആരെയും വിധിക്കുക പോലും ചെയ്യുന്നില്ല., യേശുവിന്റെ വചനങ്ങൾ ശ്രദ്ധിക്കുക: സ്ത്രീയെ ഞാനും നിന്നെ വിധിക്കുന്നില്ല കൂടുതൽ മോശമായത് സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്. ഒരു വ്യക്തിയുടെ രക്ഷയും ശിക്ഷയും വിധിയും, അവനവന്റെ തന്നെ ചിന്തകളിലും പ്രവർത്തികളിലും അടങ്ങിയിരിക്കുന്നു.
ദൈവത്തെക്കുറിച്ചുള്ള വികലമായ സങ്കല്പങ്ങൾ നൽകി പിശാച് വഞ്ചനാപരമായി നമ്മോട് പെരുമാറുന്നു, താൽക്കാലിക സുഖങ്ങൾ നൽകി നിത്യനാശത്തിലേക്ക് നയിക്കുന്നു. ദൈവം തന്റെ സ്വന്തം ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു സ്നേഹിച്ച മനുഷ്യനെ, ദൈവ സ്നേഹത്തിൽ നിന്ന് അകറ്റുകയും, നിരാശയും ഭീതിയും വിതച്ച് പീഡിപ്പിക്കുകയും ചെയ്യുക എന്നത് പിശാചിന്റെ ലക്ഷ്യമാണ്. ദൈവം, മനുഷ്യന്റെ പ്രോജക്ട് സ്വർഗത്തിൽ അവതരിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് അസൂയ മൂത്ത പിശാചിന് മാനവരാശിയോടുള്ള ഈ ശത്രുത.
പാപം ചെയ്യുക വഴി നാം പിശാചിന് നമ്മുടെ മേൽ അധികാരം കൊടുക്കുന്നു. അനുതാപം വൈകിപ്പിച്ച് നാം ദൈവത്തിന്റെ കരുണയെ പരീക്ഷിക്കുകയും ചെയ്യുന്നു. എന്താണ് പാപം? സ്നേഹത്തിൽ നിന്ന് ഉദ്ഭവിക്കാത്തതെന്തും പാപമാണ്. ദൈവത്തിന്റെ മഹാ വലിയ കരുണയെ നിഷേധിക്കുന്ന നമ്മൾ അന്ധകാരത്തിൽ ആണ്ടു പോവുകയും, പിശാചിനാൽ ബന്ധിക്കപ്പെടുകയും ചെയ്യുന്നു. യേശുവിന്റെ തിരുരക്തം മാത്രമേ ഇതിന് പരിഹാരമായി ഉള്ളൂ. മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിനു കീഴേ മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല - യേശു നാമം അല്ലാതെ.
വിലക്കപ്പെട്ട കനി ഭക്ഷിച്ചതിലൂടെ, ആദ്യ മാതാപിതാക്കൾ മരണാർഹമായ തിന്മ പ്രവർത്തിച്ചുവെങ്കിലും പറുദീസയിൽ നിന്ന് പുറത്താക്കപ്പെടുന്നതല്ലാതെ ആസന്നമായ മരണശിക്ഷയിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു, ദൈവം സ്വയം ആ ശിക്ഷ ഏറ്റെടുത്തതുകൊണ്ടാണ് ഇത് സാദ്യമായത്. സ്വന്തം മക്കൾ തന്റെ കൺമുമ്പിൽ നശിക്കുന്നത് കാണാൻ കഴിയാത്ത ഒരു പിതാവിന്റെ സ്നേഹ വാൽസല്യത്തിൽ നിന്നാണ് ആ തീരുമാനമുണ്ടാകുന്നത്. കാലത്തിന്റെ പൂർത്തീകരണത്തിൽ ദൈവം മനുഷ്യനായി അവതരിച്ച് ആ പാപത്തിന് പരിഹാരം ചെയ്യുതു. ഉത്ഭവപാപത്തിൽ നിന്നുള്ള മോചനത്തിൽന്ന്, ആദ്യ മാതാപിതാക്കളുടെ പാപം മൂലം നിത്യമരണത്തിന് വിധിക്കപ്പെട്ട നമുക്ക് യേശുവിന്റെ സ്വയം ത്യാഗത്തിലൂടെ നിത്യരക്ഷയ്ക്ക് അവകാശം ലഭിക്കുന്നു. ഏതൊരു തിന്മയ്ക്കും പരിഹാരം ആവശ്യമാണെന്ന് ഇത് വെളിവാക്കുന്നു.
വിലക്കപ്പെട്ട കനിയായ നന്മതിന്മകളുടെ വൃക്ഷത്തിൽ നിന്നുള്ള ഫലം ഭുജിച്ച ആദ്യമാതാപിതാക്കൾ, സായാഹ്നത്തിൽ ദൈവത്തെ കണ്ടുമുട്ടുന്നതിനു മുൻപേ, മരണ ശിക്ഷയെ അതിജീവിക്കാൻ ജീവന്റെ വൃക്ഷത്തിലെ കനിയും അന്വേഷിച്ചിരിക്കണം, എന്നാൽ ജീവന്റെ വൃക്ഷത്തിൽ അതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ജീവന്റെ വൃക്ഷത്തിലെ ആദ്യത്തെയും അവസാനത്തെയും ഫലം യേശുക്രിസ്തുവാണ്. പരിശുദ്ധ കുർബാനയിലൂടെ ആ സ്വർഗ്ഗീയ ഭോജ്യം അനുഭവിക്കാൻ നമുക്കിന്നും സാധ്യമാകുന്നു എന്നതാണ് ദൈവത്തിന്റെ മഹാ കരുണ.
യേശു, ശരീരത്തിൽ ഏറ്റെടുത്ത പീഡകൾ - സഹനം നല്ലതാണെന്ന് നമ്മെ പഠിപ്പിക്കുന്നു, അത് ദൈവ കൃപയും രക്ഷയും കൊണ്ടുവരുന്നു, പരാതി കൂടാതെ സ്വയം ഹോമ യാഗമായി സമർപ്പിക്കുമ്പോൾ മാത്രം. അപ്പോസ്തോലന്മാരും ആദിമ ക്രിസ്ത്യാനികളും സന്തോഷത്തോടെ ഈ വഴി പിന്തുടർന്നവരാണ്. എന്നാൽ, മറ്റൊരു സഹനം കൂടിയുണ്ട് - നിരാശ മാത്രം നൽകുന്ന സഹനം, അത് പിശാച് നൽകുന്ന ദണ്ഡനമാണ്.
പാപം ചെയ്ത ആത്മാവ്, വിശുദ്ധി നഷ്ടപ്പെട്ട് ദൈവവരപ്രസാദത്തിൽ നിന്ന് അകന്നു പോകുമ്പോൾ, കുമ്പസാരമെന്ന കൂദാശയിലൂടെ (അനുരഞ്ജനത്തിലൂടെ) വീണ്ടും ദൈവവര പ്രസാദത്തിലേക്ക് കടന്നുവരുന്നു, ദൈവാത്മാവുമായി രമ്യതപ്പെടുന്നു. വിശുദ്ധീകരിക്കപ്പെടുന്ന ആത്മാവിനു വീണ്ടും ദൈവാത്മാവുമായി ബന്ധപ്പെടാനും കൂട്ടായ്മയിൽ ആയിരിക്കാനും സാധിക്കുന്നു. കാരണം ദൈവം പരിശുദ്ധനാണ്. അപ്പോഴും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. കാരണം, പാപത്തിന് ഒരു ദണ്ഡനമുണ്ട് (ശിക്ഷയുണ്ട്) അത് ദൈവ നീതിയാണ്.
പാപം ചെയ്യുന്ന മനുഷ്യന്റെ മേൽ പിശാചിന് അധികാരം ലഭിക്കുന്നു. ( തിന്മ മുഖാന്തരം ഒരുവന്റെമേൽ സാത്താനു നിയമപരമായ അവകാശവാദം ദൈവ സന്നിധിയിൽ ഉന്നയിക്കാൻ അവസരം ലഭിക്കുന്നു,). അതുകൊണ്ടാണ് വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നത്. പാപത്തിൻ മേലുള്ള ശിക്ഷ (ദണ്ഡനം), പീഡയായി പിശാച് നടപ്പാക്കുന്നു.
ദൈവ കല്പനകളുടെ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ലംഘനമാണ് പാപം. ദൈവീക നിയമങ്ങൾ - ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിലും, മനുഷ്യനും മനുഷ്യനുമായുള്ള ബന്ധത്തിലും വ്യാഖ്യാനിക്കപ്പെടേണ്ടവ യാണ്. നിയമം ലംഘിക്കപ്പെടുമ്പോൾ, പാപം ഉൽഭവിക്കുന്നു. പാപം ശിക്ഷക്ക് ഹേതുവാണ്, അതാണ് ദൈവ നീതിയും.
കർമപാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി അനുതപിക്കുകയും, ആഴത്തിൽ പശ്ചാത്തപിക്കുകയും, ഏറ്റുപറയുകയും മേലിൽ ഈ പാപങ്ങൾ ആവർത്തിക്കയില്ല എന്ന ദൃഢ പ്രതിജ്ഞയിലൂടെയും, പാപമോചനവും - പാപത്തിലൂടെ നഷ്ടപ്പെട്ട വിശുദ്ധിയും, ദൈവ ചൈതന്യവും, ദൈവമായുള്ള കൂട്ടായ്മയും തിരികെ ലഭിക്കുന്നുവെങ്കിലും, പാപത്തിന്റെ ശിക്ഷയിൽനിന്ന് - ദണ്ഡനത്തിൽനിന്ന് മോചനം പ്രാപിക്കുന്നില്ല.
പൂർണ്ണമായ ദണ്ഡ വിമോചനം സാധ്യമാകണമെങ്കിൽ പരിഹാര പ്രവർത്തികൾ ചെയ്യേണ്ടതായുണ്ട്. ഇവിടെയാണ്, മനുഷ്യന് സുകൃത പുണ്യങ്ങളുടെ സങ്കേതം ആവശ്യമായി വരുന്നത്. അനുതാപവും പ്രാർത്ഥനയും മാത്രം പോരാതെ വരും, സത്പ്രവർത്തികൾ കൂടാതെ സ്വർഗ്ഗം പ്രാപിക്കാമെന്ന മിഥ്യാധാരണയിലാണ് പലവിശ്വാസികളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ചില പാപങ്ങൾക്ക് കാലിക ശിക്ഷയുണ്ട് , ഈ ലോക ജീവിതത്തിൽ തന്നെ ശാരീരികമോ മാനസികമോ ആയ പീഡകളിലൂടെ ശുദ്ധീകരണം സംഭവിക്കുന്നു. പീഡ നൽകുന്നത് പിശാചാണങ്കിലും, നമ്മുടെ ആത്മാവിന്റെ വിശുദ്ധീകരണത്തെപ്രതി ദൈവം അത് അനുവദിക്കുന്നു എന്നുമാത്രം. ഇനിയും അനുതപിക്കാത്തതും പരിഹാരപ്രവർത്തികൾ ചെയ്യാത്തതുമായ മാരക പാപങ്ങൾക്ക് നിത്യ നരകം എന്ന ശിക്ഷ വരെ ലഭിച്ചേക്കാം.
എന്നാൽ, നമുക്ക് - അവനവനു വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ മരിച്ചുപോയവർക്ക് വേണ്ടിയോ പരിഹാര പ്രവർത്തികൾ ചെയ്യാവുന്നതാണ്. പൂർണ്ണമായ ദണ്ഡ വിമോചനത്തിന് സുകൃത പുണ്യങ്ങൾ ചെയ്തേ മതിയാവൂ.
തിരുസഭ സുകൃതങ്ങളുടെ അക്ഷയഖനിയാണ്. സഭാമാതാവ് അവളുടെ കാലാകാലങ്ങളായുള്ള സുകൃതങ്ങളുടെ ഭണ്ഡാരത്തിൽനിന്നാണ് പൂർണമായ ദണ്ഡവിമോചനം സാധ്യമാക്കുന്നത്.
ദൈവത്തിന്റെ ക്ഷമ ഏതൊരു പാപത്തേക്കാളും ശക്തമാണ്. ക്രിസ്തു നൽകിയ രക്ഷ സൗമ്യതയുടെയും സഹനങ്ങളുടെയും വഴിയിലൂടെയാണ്, അത് മറ്റുള്ളവരുടെ പാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തീർച്ചയായിട്ടും ക്രിസ്തു നമ്മുടെ തിന്മയും പാപവും മരണവും സ്വയം ഏറ്റെടുത്തു, അങ്ങനെ അവൻ നമ്മെ മോചിപ്പിച്ചു. അവൻ നൽകുന്ന സമാധാനം ചില വിട്ടുവീഴ്ചകളുടെ ഫലമല്ല, മറിച്ച് സ്വയം നൽകിയതിലൂടെയാണ്. നമുക്ക്, യേശുവിന്റെ സ്നേഹത്തിന്റെയും സ്വയം ദാനത്തിന്റെയും പുണ്ണ്യത്തിലേക്ക് കൂടുതൽ കൂടുതൽ പ്രവേശിക്കാം.
JG വടുക്കൂട്ട്.
അനുബന്ധം:
പരിഹാര പ്രവർത്തികൾ: "ദാനധർമ്മം പാപത്തിന് പരിഹാരമാണ്."
കാരുണ്യപ്രവർത്തികൾ:
ശാരീരികങ്ങൾ
അദ്ധ്യാന്മികങ്ങൾ
ആത്മാവിന് എതിരായ പാപങ്ങള്‍:
മൂല പാപങ്ങളും അവക്കെതിരായ പുണ്യങ്ങളും:
ദൈവ കല്പനകൾ
ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം: എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം. തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.