17 Mar
17Mar

എന്റെ ഒരു പ്രിയ സുഹൃത്തിന് വലിയൊരു പ്രതിസന്ധി വന്നപ്പോൾ, സ്വാഭാവികമായും അദ്ദേഹമതിൽ വല്ലാതെ പതറി പോയിരുന്നു, ഞാനും അതേ പ്രതിസന്ധിയിലൂടെ മാസങ്ങൾക്കു മുമ്പ് കടന്നു പോയിരുനെന്ന്  മനസ്സിലാക്കിയ  ആ സുഹൃത്ത് എന്നെ കണ്ടു ചോദിച്ചു, താങ്കൾ ആ സഹനങ്ങളെ എങ്ങനെയാണ് നേരിട്ടത്? തന്റെ അനുഭവങ്ങൾ ഒന്ന് പങ്കുവയ്ക്കാമോ?

ഞാൻ സന്തോഷത്തോടെ പ്രിയ സുഹൃത്തിനോട് മറുപടിയായി പറഞ്ഞു, സഹനങ്ങളെ അഭിമുഖീകരിക്കുമ്പോൾ: മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി സഹിക്കുക, തിന്മയിൽ നിന്നുപോലും നന്മ കൊണ്ടുവരാൻ ദൈവത്തിന് സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

സഹനം ഈ ലോക ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിൽ ഒന്നാണന്ന് അംഗീകരിക്കുക. ഒന്നൊഴിയാതെ എല്ലാ മനുഷ്യരും  ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ അതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇവിടെ സന്തോഷമുണ്ട് ദുഃഖവുമുണ്ട്, സഹനത്തിലൂടെയുള്ള ദുഃഖം.

സഹനം രക്ഷയാക്കി മാറ്റണമോ ശിക്ഷയാക്കി മാറ്റണമോ എന്നത് അതിനോടുള്ള നമ്മുടെ മനോഭാവം അനുസരിച്ചിരിക്കും. വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി സഹനങ്ങൾ ഏറ്റെടുക്കുന്നത് അനുഗ്രഹമാണ്. തമ്മിൽ പലരും അങ്ങനെ ചെയ്യുന്നുണ്ട്.

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, കഷ്ടപ്പാടുകൾ പലപ്പോഴും ആത്മീയ വളർച്ചയ്ക്കും വികാസത്തിനുമുള്ള അവസരമായി ഞാൻ കാണുന്നു.  രക്ഷണീയമായ സഹനങ്ങൾ ഉണ്ട്. അതേസമയം നിരാശ  മാത്രം സമ്മാനിക്കുന്ന സഹനങ്ങളുമുണ്ട്, അത് പിശാച് നൽകുന്ന ദണ്ഡനമാണ്.

യേശു, ശരീരത്തിൽ ഏറ്റെടുത്ത പീഡകൾ  സഹനങ്ങൾ നല്ലതാണെന്ന് നമ്മെ പഠിപ്പിക്കുന്നു. പരാതി കൂടാതെ സ്വയം ഹോമ യാഗമായി സമർപ്പിക്കുമ്പോൾ, സഹനം  കൃപയും രക്ഷയും കൊണ്ടുവരുന്നു. അപ്പോസ്തോലന്മാരും ആദിമ ക്രിസ്ത്യാനികളും ഇതേ വഴി പിന്തുടർന്നവരായിരുന്നു. എന്നിരുന്നാലും, ക്രിസ്ത്യാനികൾ സ്വയം കഷ്ടപ്പാടുകൾ അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യണമെന്നല്ല ഇതിനർത്ഥം  പകരം, ക്രിസ്ത്യാനികൾ അനുകമ്പയുള്ളവരായിരിക്കാനും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു, അതേസമയം പരീക്ഷണ സമയങ്ങളിൽ ദൈവത്തിന്റെ കരുതലിലും മാർഗനിർദേശത്തിലും വിശ്വസിക്കണം.

തനിക്കുവേണ്ടി കൊല്ലാൻ പറയുന്നവല്ല, നിനക്കു വേണ്ടി മരിക്കാം എന്ന് പറയുന്നവനാണ് നമ്മുടെ ദൈവം.  ആ സ്നേഹത്തെ സ്വന്തമാക്കൂ. യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന് ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.  സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?

നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവർ ഭാഗ്യവാന്മാർ; സ്വര്ഗരാജ്യം അവരുടേതാണ്.  എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ, സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

സഹനങ്ങളിൽ പ്രകോപിതരാകാതിരിക്കുക . ക്രിസ്തു നൽകിയ രക്ഷ സൗമ്യതയുടെയും സഹനങ്ങളുടെയും  വഴിയിലൂടെയാണ്, ആ സഹനം മറ്റുള്ളവരുടെ പാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തീർച്ചയായിട്ടും ക്രിസ്തു നമ്മുടെ തിന്മയും പാപവും മരണവും സ്വയം ഏറ്റെടുത്തു,  അങ്ങനെ അവൻ നമ്മെ മോചിപ്പിച്ചു.  അവൻ നൽകുന്ന സമാധാനം ചില വിട്ടുവീഴ്ചകളുടെ ഫലമല്ല, മറിച്ച് സ്വയം നൽകിയതിലൂടെയാണ്. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും.

സഹനം - സഹിഷ്ണുത, വിശ്വാസം, വിനയം തുടങ്ങിയ സദ്ഗുണങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി പലപ്പോഴും കാണപ്പെടുന്നു. ക്രിസ്തുവിനെ തിരിച്ചറിയാനും അവന്റെ കഷ്ടപ്പാടുകളിൽ പങ്കുചേരാനുമുള്ള ഒരു മാർഗമായും ഇതിനെ കാണാം. ക്രിസ്തീയ ദൈവശാസ്ത്രത്തിൽ ആത്മീയ വളർച്ചയ്ക്കും വികാസത്തിനുമുള്ള ഒരു മാർഗമായി കഷ്ടപ്പാടുകൾ കാണപ്പെടുമെങ്കിലും, ജ്ഞാനത്തോടും അനുകമ്പയോടും മറ്റുള്ളവരെ സേവിക്കാനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയോടും കൂടി അതിനെ സമീപിക്കേണ്ടത് പ്രധാനമാണ്.

ഒരു യഥാർത്ഥ വിശ്വാസിയുടെ മനോഭാവം ഇതാണ് : സുരക്ഷിത മേഖലകൾ നൽകുന്ന ആശ്വാസത്തേക്കാൾ, അപ്രതീക്ഷിത സാഹചര്യങ്ങളുടെ അനിശ്ചിതത്വത്തെ മുൻഗണിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. നമ്മുടെ താഴ്മയിലൂടെ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്ന, ദൈവത്തിന്റെ മഹത്വത്തിലുള്ള വിശ്വാസത്തിൽനിന്നാണ് ഈ ധൈര്യം ജനിക്കുന്നത്. അതുകൊണ്ട്, നമുക്ക് തീക്ഷ്ണതയുള്ളവരായിരിക്കാം.

JG വടുക്കൂട്ട്

Comments
* The email will not be published on the website.